ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ഉത്സവബത്തയുടെ പ്രയോജനം 7,35,130 കുടുംബങ്ങള്‍ക്ക്
അഡ്മിൻ
തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം എഴുപത്തിയഞ്ച് ദിവസം തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത നല്കാന് ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അറിയിച്ചു. ഈ ഉത്തരവ് പ്രകാരം 7,35,130 കുടുംബങ്ങള്‍ക്ക് സഹായമേകാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നല്കി ആശ്വാസമേകാനായി എഴുപത്തിമൂന്ന് കോടി അന്‍പത്തിയൊന്ന് ലക്ഷത്തി മുപ്പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. എല്ലാ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കി ഉത്സവബത്ത വിതരണം ചെയ്യാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. സാങ്കേതികത്വങ്ങളില്‍ കുരുങ്ങി സര്‍ക്കാരിന്റെ കരുതല്‍ പാവങ്ങള്‍ക്ക് ലഭിക്കാതെ പോവരുത് എന്നുള്ളത് കൊണ്ടാണ് ഇത്തരമൊരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മന്ത്രി വ്യക്തമാക്കി.