കുട്ടികൾക്ക് വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്
അഡ്മിൻ
സംസ്ഥാനത്ത് 18 വയസിന് താഴെയുള്ളവർക്കും ഉടൻ വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. അർഹരായ എല്ലാവർക്കും വാക്സിൻ നൽകാൻ ഊർജ്ജിത ശ്രമം നടക്കുകയാണ്. 52 ശതമാനം ആദ്യ ഡോസ് നൽകി കഴിഞ്ഞു. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കിട്ടുന്ന വാക്സിൻ കൃത്യമായി കൊടുക്കുന്നുവെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഡ്രൈവ് ത്രൂ വിജയകരമാണോ എന്ന് വിലയിരുത്തിയ ശേഷം മറ്റ് ജില്ലകളിലും കേന്ദ്രങ്ങൾ തുടങ്ങും. സെപ്തംബർ അവസാനത്തോടെ എല്ലാവർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് പരാമവധി പോസിറ്റീവ് കേസുകൾ കണ്ടെത്തുന്നതിനാലാണ്. അങ്ങനെയാണെങ്കിൽ തന്നെയും ഇത് അതീവ ജാഗ്രതയോടെയാണ് കാണുന്നത്. കുട്ടികൾക്ക് വാക്സിൻ നൽകാൻ സംസ്ഥാനം സജ്ജമാണ്. ഒരു കോടി 11 ലക്ഷം ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിന്റെ ആവശ്യത്തോട് അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. വീണാ ജോർജ്ജ് പറഞ്ഞു.
ഓണക്കാലത്ത് ജാഗ്രത കൈവിടരുത്. ഓണക്കാലത്ത് കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ജീവനും, ജീവനോപാതിയും സംരക്ഷിക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പറഞ്ഞു. സെപ്തംബറോടെ കുട്ടികൾക്ക് വാക്സിനേഷൻ തുടങ്ങാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. കുട്ടികൾക്കുള്ള വാക്സിനേഷന്റെ രണ്ടും മൂന്നും ഘട്ട ട്രയലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ട്രയൽ ഫലത്തിനനുസരിച്ച് വാക്സിനേഷൻ ആരംഭിക്കാമെന്ന് ഐസിഎംആർ വ്യക്തമാക്കിയിരുന്നു.