നയതന്ത്ര സ്വർണക്കടത്ത് കേസ് കീറിയ പഴന്തുണി: കോടിയേരി ബാലകൃഷ്ണൻ

: എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രമം നടത്തിയെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിൻ്റെ ഭരണനേട്ടങ്ങളെ ഇകഴ്ത്താൻ മാധ്യമങ്ങൾ ശ്രമിച്ചു. അതിനായി സർക്കാരിനെതിരെ മാധ്യമങ്ങൾ കള്ളക്കഥകൾ പടച്ചുവിടുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

അലക്കി വെളുപ്പിക്കാൻ ശ്രമിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് കീറി പോയ പഴന്തുണിയാണെന്ന് കോടിയേരി പരിഹസിച്ചു. ഇടതുപക്ഷത്തിനെതിരെ ജാതിമത ശക്തികളുടെ ഏകോപനത്തിനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. നഷ്ടമായ വിശ്വാസ്യത തിരിച്ച് പിടിക്കാൻ അന്ധമായ ഇടതുപക്ഷ വിമർശനം മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യ സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ച പങ്ക് മറച്ചുവെക്കാൻ ശ്രമം നടന്നു. സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മാധ്യമങ്ങൾ മറ്റു തരത്തിൽ ചിത്രീകരിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

20-Aug-2021