ലീഗിന്റെ നടപടിയിൽ പ്രതിഷേധം; ഹരിതയുടെ കോളജ് യൂണിറ്റുകൾ പ്രവർത്തനം നിർത്തി

വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിയിൽ പ്രതിഷേധിച്ച് ഹരിതയുടെ കോളജ് യൂണിറ്റുകളും പ്രവർത്തനം നിർത്തി. പ്രവർത്തനം അവസാനിപ്പിക്കുന്നതായി ജില്ലാ കമ്മിറ്റികളും സംസ്ഥാന നേതാക്കളെ അറിയിക്കും.

അതേസമയം എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത പൊലീസ്, വനിതാ നേതാക്കളുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തിയേക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറൽ സെക്രട്ടറി വി.എ വഹാബ്, എന്നിവർക്കെതിരെയാണ് ഹരിത ലൈംഗിക അധിക്ഷേപ പരാതി ഉന്നയിച്ചത്.

ഹരിത, ലീഗിന്റെ പോഷക സംഘടനയല്ലെന്ന് വനിതാലീഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്യാംപസ് പ്രവർത്തനത്തിനായി ഉണ്ടാക്കിയ താൽക്കാലിക സംവിധാനമാണ്. ക്യാംപസിനു പുറത്ത് വനിതാ ലീഗ് മതിയെന്നും ദേശീയ ജനറൽ സെക്രട്ടറിയായ നൂർബിന റഷീദ് പറഞ്ഞിരുന്നു. എന്നാൽ പാർട്ടി നേതാക്കൾക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനാലാണ് പെൺകുട്ടികൾ വനിതാകമ്മീഷന് പരാതി നൽകിയത്.

എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണെന്നും ഹരിത മുസ്ലിം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

20-Aug-2021