ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ കലഹം

കൊല്ലത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കുന്നതിനെ ചൊല്ലിയാണ് പാർട്ടിയിലെ കലഹം. ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രാജേന്ദ്ര പ്രസാദിനും കൊടിക്കുന്നിൽ സുരേഷ് എംപിക്കും എതിരെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൊടിക്കുന്നിലിന് തീറെഴുതാൻ, ഡി സി സി കുടുംബ സ്വത്തല്ലെന്ന് പോസ്റ്ററിൽ പറയുന്നു. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ പേടിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് ‌പ്രതികരിച്ചു.

പടുകിഴവനും അനാരോഗ്യനുമായ രാജേന്ദ്ര പ്രസാദിനെ ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ട. കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത പോത്തൻകോട്ടുകാരനായ കൊടിക്കുന്നിൽ സുരേഷിന് കൊല്ലം ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാൻ എന്ത് കാര്യം. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്തു വേണ്ടെന്നും കൊടിക്കുന്നിലിന് പിരിവ് നടത്താൻ കൊല്ലം ഡി സി സി തറവാട്ട് സ്വത്തല്ലെന്നും പോസ്റ്റിൽ പറയുന്നു.

കെ പി സി സി ജനറൽ സെക്രട്ടറിയായ രാജേന്ദ്രപ്രസാദ് കൊടിക്കുന്നിലിന്റെ ഇടപെടലിനെ തുടർന്നാണ് ഡി സി സി പ്രസിഡന്റ് പട്ടികയിൽ ഇടം പിടിച്ചത്. രാജേന്ദ്രപ്രസാദിനെ ഡിസിസി അധ്യക്ഷൻ ആക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾ എതിർപ്പുണ്ട്. ഈ എതിർപ്പു തന്നെയാണ് പോസ്റ്റർ പതിക്കലിനു പിന്നിലെന്നും കരുതുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപും ഗ്രൂപ്പ് തിരിഞ്ഞുള്ള പോസ്റ്റർ യുദ്ധം ജില്ലയിൽ നടന്നിരുന്നു.

20-Aug-2021