രക്തസാക്ഷി പട്ടികയിൽ നിന്ന് വാരിയം കുന്നനടക്കം 387 പേരുകൾ നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ
അഡ്മിൻ
സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് മലബാർ കലാപത്തിൽ പങ്കെടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അലി മുസലിയാർ എന്നിവരടക്കം 387 ആൾക്കാരുടെ പേരുകൾ നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് നിയോഗിച്ച മൂന്നംഗ സമിതി ഇതിന് ശുപാർശ നൽകി.
മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വർഗീയ കലാപമാണെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് നിർദേശം .മലബാർ കലാപം ഉയർത്തിയ മുദ്രാവാക്യങ്ങൾ ബ്രിട്ടീഷുകാർക്കെതിരെയോ, ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാൽ അത് സംഭവിക്കുമായിരുന്നുവെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.
ശരിയത്ത് കോടതി സ്ഥാപിച്ച കലാപകാരി മാത്രമായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും ഹാജി നിരവധി ഹിന്ദുക്കളെ വധിച്ചുവെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ടെന്ന് സൂചനയുണ്ട്. മലബാർ കലാപം രാജ്യത്തെ ആദ്യ താലിബാൻ മോഡൽ പ്രകടനമായിരുന്നുവെന്ന് ബിജെപി നേതാവ് റാം മാധവിന്റെ പ്രസ്താവന വിവാദമായിരുന്നു. പുതുക്കിയ രക്ത സാക്ഷി പട്ടിക ഒക്ടോബർ അവസാനം പുറത്തിറങ്ങും.