കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ട്: സുപ്രീം കോടതി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. എന്നാല്‍ വഴി മുടക്കിക്കൊണ്ടുള്ള സമരങ്ങള്‍ നടത്താന്‍ അനുവാദമില്ലെന്നും കോടതി വ്യക്തമാക്കി. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന മൗലിക അവകാശമാണെന്നും കോടതി വ്യക്തമാക്കി.

കര്‍ഷകരുടെ സമരവും പ്രതിഷേധവും കാരണമുള്ള ഗതാഗത തടസ്സം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പോംവഴി കാണണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ഷകരുടെ സമരം കാരണം ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നുവെന്നും നഗരത്തിലെ പല വഴികളും തടസ്സപ്പെടുന്നുവെന്നും കാണിച്ച് നോയിഡ സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കര്‍ഷകരുടെ സമരം രാജ്യതലസ്ഥാനത്ത് തുടരുകയാണ്. പല ഘട്ടങ്ങളിലും റോഡ് ഉപരോധവും നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ പൊതുതാത്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

23-Aug-2021