സതീശനും സുധാകരനും വീഴുമോ ചെന്നിത്തലയുടെ പടയൊരുക്കത്തിൽ

സംസ്ഥാനത്തെ ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് കോൺ​ഗ്രസിൽ ​ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ വലിയ പടയൊരുക്കമാണ് ചെന്നിത്തല അനുകൂലികള്‍ പാർട്ടിയിൽ നടത്തുന്നത്. പുന:സംഘടന പട്ടിക ഇറങ്ങിയാൽ ശക്തമായി പ്രതികരിക്കണം എന്ന് നിർദേശിക്കുന്ന ചെന്നിത്തല അനുകൂലികളുടെ വാട്സ് അപ് ചാറ്റ് പുറത്തായി.

ആർ സി ബ്രിഗേഡ് വാട്സ്ആപ് കൂട്ടായ്മയിലെ സന്ദേശത്തിന്റെ പകർപ്പ് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടു. രമേശ് ചെന്നിത്തലയുടെ മകൻ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യൂത്ത് കോൺ​ഗ്രസ് ഭാരവാഹികൾ എന്നിവർ അടങ്ങിയതാണ് ആർസ് ബ്രി​ഗേഡ് വാട്സ് ആപ്പ് കൂട്ടായ്മ.

‘ഡിസിസി പ്രസിഡൻറാകാൻ നിന്ന നേതാക്കളുടെ ഫാൻസിനെ ഇളക്കിവിടണം’, ‘ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേർത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാർ മന:പൂർവ്വം ആക്രമിക്കുന്നതായി വരുത്തണം’, ‘ഗ്രൂപ്പ് കളിക്കുന്നത് ആർസിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ എന്നിങ്ങനെയാണ് ​ഗ്രൂപ്പിലെ പ്രധാന ചർച്ച.

ഉമ്മൻചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും ഒപ്പം നിർത്തണമെന്നും വാട്ട്സ് ആപ് ചാറ്റിൽ പറയുന്നുണ്ട്.
ജില്ല കോൺ​ഗ്രസ് കമ്മറ്റികളു‍ടെ പുന:സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഹൈക്കമാണ്ടിനെ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. അതേസമയം, കോൺഗ്രസിൽ പുനഃസംഘടനാ ചർച്ചകളിൽ തർക്കം തുടരുന്നതിനിടെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഡൽഹിയിലേക്ക് പോവുകയാണ്.

ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക കെപിസിസി ഹൈക്കമാൻഡിന് സമർപ്പിച്ചെങ്കിലും ഹൈക്കമാൻഡ് അന്തിമതീരുമാനം എടുത്തിട്ടില്ല.

23-Aug-2021