ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയോരുക്കം

സംസ്ഥാനത്തെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന അതൃപ്തികള്‍ക്കിടെ തിരുവനന്തപുരം എംപി ശശി തരൂരിനെതിരെയും കലാപക്കൊടി. തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് മുന്നില്‍ ശശി തരൂരിന് എതിരെ മുദ്രാവാക്യങ്ങളെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇഷ്ടക്കാരനെ ഡിസിസി അധ്യക്ഷനാക്കി പാര്‍ട്ടി പിടിക്കാന്‍ തരൂരിന്റെ ശ്രമം നടക്കുന്നു എന്നാണ് പോസ്റ്ററുകളിലെ ആരോപണം.

നേരത്തെ കൊടിക്കുന്നില്‍ സുരേഷിന് എതിരെയും ഉമ്മന്‍ചാണ്ടിക്ക് എതിരെയും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയം അവസാനിപ്പിച്ച ജിഎസ് ബാബുവിനെ ഡിസിസി പ്രസിഡണ്ടാക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ്. കോടികള്‍ തന്ന് സഹായിക്കുന്ന റിസോര്‍ട്ട് മുതലാളിയും താങ്കളും ചേര്‍ന്ന് പാര്‍ട്ടി പിടിക്കാമെന്ന വ്യാമോഹമാണോ'' എന്നാണ് ഒരു പോസ്റ്ററിലെ വാചകങ്ങള്‍.

''സഹായിയെ ഡിസിസി പ്രസിഡണ്ടാക്കി പാര്‍ട്ടി പിടിക്കാനുളള ശശി തരൂരിനെതിരെ പ്രതികരിക്കുക'' എന്നാണ് മറ്റൊരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ''തരൂരേ താങ്കള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോ. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേറെ മണ്ഡലം നോക്കി വെച്ചിട്ടുണ്ടോ'' എന്ന് മറ്റൊരു പോസ്റ്ററിലെഴുതി വെച്ചിരിക്കുന്നു. ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലും കോട്ടയം നഗരത്തിലുമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

24-Aug-2021