കോൺഗ്രസിനൊപ്പം നിന്നിരുന്ന മുസ്ലിം സമൂഹവും ക്രിസ്ത്യൻ സമൂഹവും അകന്നു: രാജ്മോഹന്‍ ഉണ്ണിത്താന്‍

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് പരാജയപ്പെടുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി നേരത്തെ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസിന്റെ സംഘടനാ സംവിധാനം അത്രയും ദുർബലമായിരുന്നു. പരമ്പരാഗതമായി കോൺഗ്രസിന് വോട്ട് ചെയ്തിരുന്ന ഒരു നല്ല ശതമാനം സാമൂഹ്യസംഘടനകൾ കോൺഗ്രസിൽ നിന്നകന്നു,'' ഉണ്ണിത്താൻ പറഞ്ഞു. അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസിനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിനൊപ്പം നിന്നിരുന്ന മുസ്ലിം സമൂഹവും ക്രിസ്ത്യൻ സമൂഹവും അകന്നു. ജോസ് കെ. മാണി മുന്നണി വിട്ടത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. 'പരാജയമുണ്ടാകുമെന്ന് മനസിനുള്ളിൽ ഉറപ്പിച്ചയാളാണ് ഞാൻ, പുറത്ത് പറഞ്ഞിരുന്നില്ലന്നേയുള്ളൂ,'' ഉണ്ണിത്താൻ പറഞ്ഞു. 140 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് 99 സീറ്റിൽ വിജയിച്ചപ്പോൾ യു ഡി എഫിന് 41 സീറ്റാണ് ലഭിച്ചത്.

25-Aug-2021