കൃഷിമന്ത്രിയുടെ പേരില്‍ വ്യാജ ഇമെയില്‍; അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി

കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇമെയിൽ സന്ദേശം. ഇത്തരത്തിലുള്ള സന്ദേശം വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇമെയിൽ വിലാസങ്ങളിലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പൊലീസ് മേധാവിയോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു.

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇമെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽ പെട്ടത്.

കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇമെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ഇത്തരത്തിൽ വ്യാജസന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധിക്യതർ മുന്നറിയിപ്പ് നൽകി.

25-Aug-2021