കേന്ദ്ര സര്‍ക്കാര്‍ പേര് വെട്ടിമാറ്റിയാല്‍ മലബാര്‍ കലാപം ചരിത്രത്തില്‍ നിന്ന് ഇല്ലാതാകില്ല: എ വിജയരാഘവൻ

മലബാര്‍ കലാപത്തെ തള്ളിപ്പറയുന്നവരുടേത് ബ്രിട്ടീഷ് അനുകൂല മനോഭാവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മലബാർ കലാപത്തിൽ പങ്കെടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളള മുസ്ലീം നേതാക്കളുടെ പേരുകൾ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കാനുളള നീക്കത്തെ വിമർശിച്ചാണ് എ വിജയരാഘവൻ രംഗത്ത് വന്നിരിക്കുന്നത്.

കേന്ദ്ര നീക്കത്തിന് എതിരെ വലിയ പ്രതിഷേധമാണ് കേരളത്തിൽ നിന്നും ഉയരുന്നത്. 1921ലെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്നാണ് ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ സമിതിയുടെ കണ്ടെത്തൽ. ചരിത്രകാരന്മാരും ബിജെപി ഒഴികെയുളള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മലബാര്‍ കലാപത്തെ പാരീസ് കമ്മ്യൂണിനോടാണ് സ. എ കെ ജി താരതമ്യപ്പെടുത്തിയത് എന്ന് എ വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സമരത്തെ വര്‍ഗീയ കലാപമായി ചിത്രീകരിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. ആ രീതിയില്‍ മുന്നോട്ട് പോകാനാണ് ആര്‍എസ്എസ് ശ്രമം.

മലബാര്‍ കലാപം സ്വാതന്ത്യ സമരത്തിന്റെ ഭാഗം തന്നെയാണ്. കലാപത്തിലെ ബ്രിട്ടീഷ് വിരുദ്ധത ആർക്കും നിഷേധിക്കാനാവില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പേര് വെട്ടിമാറ്റിയാല്‍ മലബാര്‍ കലാപം ചരിത്രത്തില്‍ നിന്ന് ഇല്ലാതാകില്ല. ചരിത്രത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അലോസരമുണ്ടാക്കുന്നതാണ് ആ സമരം. അത് മൗലികമായി ജന്മിത്വ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവുമായിരുന്നു. സമരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഇന്ത്യക്കാരും വിദേശികളുമായ ചരിത്രകാരന്മാരെല്ലാം ഈ വസ്തുത എടുത്തു പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധതയ്ക്കാണ് അവരെല്ലാം ഒന്നാംസ്ഥാനം നല്‍കിയത്. 1946ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി '1921-ആഹ്വാനവും താക്കീതും' എന്ന പേരില്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ഇത് വിശദമാക്കിയിട്ടുണ്ട്.

സമര സേനാനികളുടെ ധീരോദാത്തമായ പോരാട്ടവീറിനെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. സംഘടനാ ദൗര്‍ഭല്യങ്ങളുടെ ഭാഗമായുണ്ടായ വര്‍ഗീയ പ്രവണതകളെ തള്ളിപ്പറയുകയും ചെയ്തു. സമരവുമായി ബന്ധപ്പെട്ട എല്ലാ സവിശേഷതകളും പരിശോധിച്ചാണ് അഭിപ്രായം രൂപീകരിച്ചത്. ബ്രിട്ടീഷുകാരാണ് ജന്മി നാടുവാഴിത്തത്തിന് നിയമ പരിരക്ഷ നല്‍കിയത്. അവരുടെ ഭീകര ചൂഷണങ്ങള്‍ക്കെതിരെ രൂപപ്പെട്ട ഏറ്റവും സംഘടിത പ്രക്ഷോഭമായിരുന്നു മലബാര്‍ കലാപം. അവര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി പിന്നീട് ഉയര്‍ന്നുവന്നു എന്നതും ശ്രദ്ധേയമാണ് എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

25-Aug-2021