എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി; അന്വേഷിക്കാന്‍ വനിതാ ഇൻസ്പെക്ടർ

എം എസ്എ ഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി വി എ വഹാബ്, എന്നിവർക്കെതിരെ ഹരിത ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ഇൻസ്പെക്ടർ അന്വേഷിക്കും. ഐ പി സി 354 എ,509 വകുപ്പുകൾ പ്രകാരമാണ് കേസ്. കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അനിതാകുമാരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

പരാതിയുമായി ബന്ധപ്പെട്ട് പെൺകുട്ടികളിൽ നിന്ന് ഉടൻ മൊഴിയെടുക്കും. എം എസ്എ ഫ് യോഗത്തിനിടെ ഹരിതയിലെ പെൺകുട്ടികളോട് പി കെ നാവാസ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായിരുന്നു വിവാദമായത്. പാർട്ടി നേതാക്കൾക്ക് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിനാൽ പെൺകുട്ടികൾ വനിതാകമ്മീഷന് പരാതി നൽകിയിരുന്നു.

എംഎസ്എഫ് നേതാക്കൾക്കെതിരെ പരാതി നൽകിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണെന്നും ഹരിത മുസ്ലിം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

25-Aug-2021