മലബാർ കലാപം ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ഉജ്ജ്വലമായ അധ്യായം: സ്പീക്കർ എം ബി രാജേഷ്
അഡ്മിൻ
ചില അപഭ്രംശങ്ങളുടെ പേരിൽ മലബാർ ലഹളയെ വർഗീയ കലാപമായി മുദ്ര കുത്തുന്നത് ചരിത്രത്തോടുള്ള അനീതിയാണെന്ന് സ്പീക്കർ എം.ബി രാജേഷ്. മലബാർ കലാപം ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ഉജ്ജ്വലമായ അധ്യായം ആയിരുന്നു എന്നും ഇത് അടിമുടി ബ്രിട്ടീഷ് വിരുദ്ധം ആയിരുന്നു എന്നും എം ബി രാജേഷ് പറഞ്ഞു.
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച 1921 മലബാർ ലഹളയുടെ നൂറാം വാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുക ആയിരുന്നു സ്പീക്കർ. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി ആണ് ഓർമകളുടെ വീണ്ടെടുപ്പ് എന്ന പേരിൽ 1921 പോരാട്ടത്തിൻ്റെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
യോഗം ഉദ്ഘാടനം ചെയ്ത സ്പീക്കർ എം ബി രാജേഷ് 1857 ന് ശേഷം ബ്രിട്ടീഷുകാർക്ക് എതിരെ ഉണ്ടായ ഏറ്റവും ശക്തമായ പോരാട്ടം ആണ് പൂക്കോട്ടൂർ യുദ്ധമെന്ന് ചരിത്രകാരൻമാരെ ഉദ്ധരിച്ച് കൊണ്ട് അഭിപ്രായപ്പെട്ടു.
"മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഉജ്ജ്വലമായ അധ്യായം തന്നെ ആണ്. പോരാട്ടം അടിമുടി ബ്രിട്ടീഷ് വിരുദ്ധം തന്നെ ആയിരുന്നു.എന്നാൽ ചില സമയങ്ങളിൽ പ്രക്ഷോഭം വർഗീയമായി വഴി പിഴച്ചിട്ടുണ്ട്. അത് പറയാതെ വയ്യ, പക്ഷേ അത്തരം അപ ഭ്രംശങ്ങളെ ഉയർത്തി കാട്ടി 1921ലെ പ്രക്ഷോഭത്തെ വർഗീയ ലഹള എന്ന് മുദ്ര കുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. പോരാട്ടത്തിൻ്റെ ആത്യന്തിക ലക്ഷ്യം ബ്രിട്ടീഷ് വിരുദ്ധമായിരുന്നു"- സ്പീക്കർ പറഞ്ഞു.
"മലബാർ കലാപം സ്വതന്ത്ര സമരം അല്ലെന്ന് ഈ ഘട്ടത്തിൽ പറയുന്നതിന്റെ ലക്ഷ്യം ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ആണ്. മുൻപ് ബ്രിട്ടീഷുകാർ ജനങ്ങളെ ഭിന്നിപ്പിച്ച് ആണ് പ്രക്ഷോഭങ്ങളെ നേരിട്ടത്. 1921 ലേ കലാപം അടിച്ചമർത്തിയതും അങ്ങനെ ആണ്. ബ്രിട്ടീഷുകാർ ജന്മികളെ ആയിരുന്നു കൂട്ട് പിടിച്ചത്. അത് കൊണ്ട് തന്നെ ജൻമികൾക്ക് എതിരെ ശക്തമായ വിരോധം ഉണ്ടായിരുന്നു. അങ്ങനെ ലഹലക്കാർ എതിർത്തവരിൽ ഹിന്ദുക്കൾ മാത്രം അല്ല, മുഹമ്മദീയരും ഉണ്ടായിരുന്നു." സ്പീക്കർ പറഞ്ഞു