എംഎസ്എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക് എത്തിച്ച് ലീഗ് നേതൃത്വം
അഡ്മിൻ
എംഎസ്എഫിനെതിരായ ഹരിതാ നേതാക്കളുടെ പരാതി സമവായത്തിലേക്ക്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിര്‍ത്തും, ഹരിത വനിത കമ്മീഷന് നല്കിയ പരാതിയും പിന്‍വലിക്കുമെന്നാണ് ഒത്തുതീര്‍പ്പ് ധാരണം.ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായ്.എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസുമായും ഹരിത സംസ്ഥാന ഭാരവാഹികളുമായി മലപ്പുറത്ത് ലീഗ് ഓഫീസില്‍ വച്ചായിരുന്നു ചര്‍ച്ച.
ചര്‍ച്ച അര്‍ധരാത്രി വരെ നീണ്ടു. എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഹരിത നേതാക്കളോട് ആവര്‍ത്തിച്ചു.ആദ്യം വനിത കമ്മീഷന് നല്കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോട് ആവശ്യപ്പെട്ടു. ഒടുവില്‍ സമവായത്തിലെത്തുകയായിരുന്നു.സംഘടനയില്‍ നേരിടേണ്ടി വന്ന ലൈംഗീക അധിക്ഷേപവും വിവേചനവും ചൂണ്ടിക്കാട്ടി മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലെ പത്ത് വനിത നേതാക്കളാണ് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്.
സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു പരാതി.ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്.സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്കിയ പരാതിയില്‍ പറയുന്നു.പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല.
ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി. പിന്നീട് എംകെ മുനീറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളിലാണ് സമവായം ഉണ്ടായിരിക്കുന്നത്.