സഹപ്രവർത്തകർക്ക് പ്രയാസമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു: പി കെ നവാസ്
അഡ്മിൻ
ഹരിത നേതാക്കൾക്ക് എതിരെ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ്. ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. എന്നാൽ സഹപ്രവർത്തകർക്ക് പ്രയാസമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നായിരുന്നു നവാസിൻറെ വിശദീകരണം.
അതേസമയം എം.എസ്.എഫ് നേതൃത്വം ഖേദം പ്രകടിപ്പിച്ചാലും പരാതി പിൻവലിക്കില്ലെന്ന് ഹരിത. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും അവർ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം.
എന്നാൽ എം.എസ്.എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചാൽ മതിയെന്നാണ് ലീഗ് നിലപാട്. എം എസ്എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഹരിത, വനിതാകമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. മാപ്പു പറയുന്നതിൽ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ച പി കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.