പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍; മുഖ്യമന്ത്രി
അഡ്മിൻ
സംസ്ഥാനത്ത് അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ എന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഓണക്കാലത്തിനുശേഷം സംസ്ഥാനത്ത് രോഗവ്യാപനം കൂടിയതായി മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യം മുൻകൂട്ടി കണ്ടു ചികിത്സാ സൗകര്യം ശക്തമാക്കിയിട്ടുണ്ട്. വാക്സിനേഷൻ ധ്രുത ഗതിയില്‍ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കുമെന്നു പ്രതീക്ഷിക്കാം.
ജനസംഖ്യാനുപാതികമായി വാക്സീൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്സീൻ വരെ വിതരണം ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണ നിരക്ക് പിടിച്ചു നിർത്തി. മരണമടയുന്നവരിൽ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും അനുബന്ധ രോഗമുള്ളവരുമാണ്. വാക്സിന്‍ ആദ്യ ഘട്ടത്തിൽ ഇവർക്കു നല്‍കി.
ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണു സംസ്ഥാനം തുടക്കം മുതൽ പ്രവർത്തിച്ചത്. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. മൂന്നാം തരംഗത്തിന്റെ സാധ്യതകൾ നിലനിൽക്കെ കൂടുതൽ ജാഗ്രതയോടെ മുൻപോട്ടു പോയേ മതിയാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.