വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടി

കോൺഗ്രസ് ഡി.സി.സി പ്രസിഡന്റ് പട്ടിക പുറത്തുവന്നതിന് പിന്നാലെ ചാനൽ ചർച്ചകളിൽ കോൺഗ്രസ് വക്താക്കൾ പങ്കെടുക്കരുതെന്ന് കെ.പി.സി.സി കോൺഗ്രസ് വക്താക്കൾക്ക് നിർദ്ദേശം നൽകി. ഡിസിസി പട്ടികയടക്കമുള്ള പാർട്ടിയുടെ ആഭ്യന്തര വിഷയങ്ങളിൽ ചാനലുകളിലെ ചർച്ചക്ക് പോകരുതെന്ന് കെപിസിസി നിർദ്ദേശിച്ചു. വിലക്ക് ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്നും കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ വിഷയത്തിലെ പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും വ്യക്തമാക്കിക്കൊള്ളാമെന്നാണ് കെപിസിസി നേതൃത്വം പാർട്ടി വക്താക്കൾക്കടക്കം നൽകിയിരിക്കുന്ന നിർദേശം. വിലക്ക് ലംഘിച്ച് ചാനലുകളിലോ സമൂഹമാധ്യമങ്ങളിലോ പ്രതികരിച്ചാൽ നടപടിയുണ്ടാകുമെന്നും കെപിസിസി വ്യക്തമാക്കിയിട്ടുണ്ട്.

14 ജില്ലകളിലേയും ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക ഇന്നലെ രാത്രി പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചത്. ഇന്ന് രാവിലെ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരൻ, വിഡി സതീശൻ, കെ.മുരളീധരൻ എന്നീ പ്രമുഖ നേതാക്കളെല്ലാം പരസ്പരം വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.

29-Aug-2021