എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കെന്ന് സൂചന

ഡി സി സി പുനഃസംഘടനയെ തുടര്‍ന്ന് കോണ്‍ഗ്രസിലുണ്ടായ പ്രതിഷേധങ്ങള്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കും. പാലക്കാട് ഡി സി സി അദ്ധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ വി.ഗോപിനാഥ് പാര്‍ട്ടി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍, നാളെ രാവിലെ എ വി ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും അംഗങ്ങളും എവി ഗോപിനാഥുമായി കൂടിക്കാഴ്ച നടത്തി.

പാലക്കാട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുെമന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും എ തങ്കപ്പനെയാണ് അധ്യക്ഷനായി തീരുമാനിച്ചത്. കോണ്‍ഗ്രസിലെ പൊട്ടിത്തെറി പാലക്കാട് നിന്ന് തുടങ്ങുമെന്ന് നേരത്തെ എകെ ബാലന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നുമാണ് എകെ ബാലന്‍ പറഞ്ഞത്.

30-Aug-2021