സൈബര്‍ ആക്രമണത്തിനെതിരെ എംബി രാജേഷിന്റെ കുടുംബം നിയമ നടപടിക്ക്

സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി സ്പീക്കര്‍ എം ബി രാജേഷിന്റെ കുടുംബം. കുട്ടികളെ കുറിച്ച് അപകടകരമായ വിധം നുണ പ്രചാരണം നടത്തുന്നുവെന്ന് സ്പീക്കറുടെ ഭാര്യ നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. കുട്ടികള്‍ ഒരു മതത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തുന്നത് എന്നാണ് ആരോപണം.

കുട്ടികള്‍ക്ക് മതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഒരു മതത്തിന്റെയും ഭാഗമല്ല. അസത്യ പ്രചാരണങ്ങളുടെ ലക്ഷ്യം എം ബി രാജേഷാണ്. കുട്ടികളില്‍ ഇത് വലിയ മാനസിക സംഘര്‍ഷമാണ് സൃഷ്ടിക്കുന്നത് നവമാധ്യമങ്ങളിലൂടെയുള്ള കുപ്രചരാണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിനിത രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.


പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പതിവ് പോലെ ലക്ഷ്യം എംബി രാജേഷ് തന്നെയാണ്.അഭിപ്രായത്തിന്റെ പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുന്നതില്‍ ഇക്കാലത്ത് അത്ഭുതമുണ്ടാവേണ്ടതില്ല. പക്ഷേ ആടിനെ പട്ടിയാക്കുന്ന വിധത്തിലുള്ള അസത്യം കൊണ്ട് ആക്രമിക്കപ്പെടുമ്പോള്‍ അത്ഭുതത്തിനപ്പുറം ഭയമാണുണ്ടാവുന്നത് കാലത്തെ കുറിച്ചും ചുറ്റുമുള്ള മനുഷ്യരെ കുറിച്ചും ഓര്‍ക്കുമ്പോള്‍. ഫാസിസവും നുണ വ്യവസായവും തമ്മിലെ ബന്ധത്തെക്കുറിച്ച് ചരിത്ര പുസ്തകങ്ങളില്‍ വായിച്ചത് അനുഭവമാകുകയാണല്ലോ എന്നോര്‍ത്തു പോയി.

പ്രശ്‌നം മതമാണ്. എന്റെ രണ്ടു മക്കളെകുറിച്ച് വസ്തുതാവിരുദ്ധവും അപകടകരമാംവിധം വര്‍ഗ്ഗീയച്ചുവയുള്ളതുമായ ഒരു വീഡിയോ പ്രചരിക്കുന്നത് ചില സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി.എം ബി രാജേഷിന്റെ ഭാര്യയായ ഞാന്‍ രേഖകള്‍ പ്രകാരം ഇസ്ലാമാണെന്നും, മക്കള്‍ക്ക് രേഖകളില്‍ ഇസ്ലാം മതം ചേര്‍ത്തിട്ടുണ്ടെന്നും അത് ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ തേടിയെടുക്കാനാണെന്നുമാണ് അതില്‍ പറയുന്നത് .

സത്യം അറിയിക്കാന്‍ വേണ്ടി മാത്രം രണ്ട് മക്കളുടെയും രേഖകള്‍പങ്കുവയ്ക്കുന്നു .മൂത്തയാളുടെ ടടഘഇ സര്‍ട്ടിഫിക്കറ്റാണ് .പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുമായി ആലോചിച്ച് തന്നെയാണ് ഈ വിവരങ്ങള്‍ സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തത്. നിലവില്‍ ജാതിയോ മതമോ ഇല്ലെങ്കിലും നാളെ വേണമെന്നു തോന്നിയാല്‍ഏതെങ്കിലും മതത്തില്‍ ചേരാനോ ചേരാതിരിക്കാനോ ഉളള സകല സ്വാതന്ത്ര്യവും അവള്‍ക്കുണ്ടുതാനും. ഇളയയാളിന്റേത് ലോവര്‍ െ്രെപമറി സ്‌കൂളില്‍ നിന്നുളള ഠഇ യാണ്.അവളുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ എന്ന നിലയിലെ ഞങ്ങളുടെ സ്വന്തം തീരുമാനമാണ്. കുറേക്കൂടി മുതിരുമ്പോള്‍ അവള്‍ക്കുമുണ്ട് മതം സ്വീകരിക്കാനും ഒഴിവാക്കാനുമുള്ള സ്വാതന്ത്ര്യം. ഒരാള്‍ രേഖകളില്‍ ഏതെങ്കിലുംമതമോ ജാതിയോ ചേര്‍ക്കുന്നതും ചേര്‍ക്കാതിരിക്കുന്നതും മഹാകാര്യമായി കാണേണ്ടതില്ലെന്നും അതയാളുടെ തികച്ചും വ്യക്തിപരമായ / രാഷ്ട്രീയമായ നിലപാടാണെന്നുമാണ് ഞാന്‍ കരുതുന്നത്. രേഖകള്‍ കാണിച്ച് തെളിവ് നല്‍കി ജീവിക്കേണ്ടി വരുന്ന ഒരു കാലം വരാനിരിക്കുന്നുണ്ടെന്ന് ഞാന്‍ അത്രമേല്‍ ഓര്‍ത്തിരുന്നില്ലഎന്നുകൂടി പറയട്ടെ.

ഇനി എന്റെ സര്‍ട്ടിഫിക്കറ്റിലെ മതത്തെ പറ്റി പറയാം .രാജേഷിനോടുള്ള വിരോധം തീര്‍ക്കാനായി എന്നെ ആക്രമിക്കല്‍ ഇതിനു മുമ്പും നടന്നിട്ടുണ്ടല്ലോ .അതെല്ലാം പൊളിഞ്ഞതുമാണ്. എന്റെ (രാജേഷിന്റെയും )സര്‍ട്ടിഫിക്കറ്റുകളില്‍ ജാതിയും മതവുംരേഖപ്പെടുത്തിയിട്ടുണ്ട്. അത് ഞാന്‍ എവിടെയും മറച്ചു വെച്ചിട്ടുമില്ല. മാത്രമല്ല സര്‍ട്ടിഫിക്കറ്റിലെ മതത്തിനപ്പുറം തികച്ചും മതേതരമായി ജീവിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദം കൂടി എനിക്കുണ്ട്.

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്റെ രക്ഷിതാക്കള്‍ പുലര്‍ത്തിയ ജാഗ്രതയാണ് എന്നെ അതിനനുവദിച്ചതുംപാകപ്പെടുത്തിയതും.എത്ര വലുതായിരുന്നു ആ ജാഗ്രതയെന്ന് ഇപ്പോഴാണ് കൂടുതല്‍ തിരിച്ചറിയുന്നത്. ഇനി ഞാന്‍ സംവരണാനുകൂല്യം അനുഭവിച്ചു എന്നതിനെ കുറിച്ച് സംവരണത്തിന്റെ അടിസ്ഥാനം മതമല്ല സാമൂഹ്യനീതിയാണ് എന്ന പ്രാഥമിക പാഠം അറിയാത്തവരോട് എന്ത് പറയാന്‍ ! എന്റെ മാതാപിതാക്കളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസാവസരം സിദ്ധിച്ച ആദ്യ തലമുറയാണ് അവരുടേത്. സ്വന്തം സമൂഹ്യനിലയോട് പല തരത്തില്‍ പോരടിച്ചാണ് അവര്‍ ജീവിതം നയിച്ചതും. ആ ബോധ്യത്തിലാണ് ഞാന്‍ സംവരണാനുകൂല്യം ഉപയോഗപ്പെടുത്തുന്നത് .അവിടെ എന്റെ മതവിശ്വാസത്തിന് യാതൊരു പ്രസക്തിയുമില്ല. മക്കളുടെ കാര്യത്തില്‍,പല നിലയില്‍ അവരനുഭവിക്കുന്ന സാമൂഹ്യ സുരക്ഷിതത്വങ്ങളാണ് അവരെ സംവരണത്തിനു പുറത്തു നിര്‍ത്തുന്നത്. നാളെ ഏതെങ്കിലും മതം സ്വീകരിച്ചാല്‍ പോലും അവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് സാരം .

ഈ വസ്തുതകള്‍ ഇവിടെ കുറിക്കുന്നതിന്ഇതുപ്രചരിപ്പിക്കുന്നവരെ തിരുത്തുക എന്നൊരുദ്ദേശം ചെറുതായിപ്പോലുമില്ല. ഇക്കൂട്ടരുടെ, നുണപറഞ്ഞ് പറഞ്ഞ് സത്യമാക്കിയെടുക്കലിനെതിരെ നിരന്തരം പോരടിക്കുന്ന അസംഖ്യം മനുഷ്യരുണ്ട്.അവര്‍ക്കു പറയാന്‍ വേണ്ടിയാണിത് ,അവര്‍ക്ക്‌തെളിവ് നിരത്താന്‍.

സുഹൃത്തുക്കളോട് ഒരു സഹായംകൂടി അഭ്യര്‍ത്ഥിക്കുന്നു. കുട്ടികളുടെ പേരിലുള്ള ഇത്തരം അസത്യ പ്രചരണങ്ങള്‍ അവരിലുണ്ടാക്കുന്ന മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാനാവാത്തതാണ് .ഓരോ തവണയും ഇതിലൊന്നും തോറ്റു പോവാത്തവരായി അവരെ നിലനിര്‍ത്താന്‍ അമ്മ എന്ന നിലയില്‍ വലിയ അധ്വാനം വേണ്ടിവരാറുണ്ട്. ഈ വിഷയംഅവരെ നേരിട്ട് ബാധിക്കുന്നത് കൂടിയായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടത് എന്റെ ചുമതലയാണ്. അതിനായി ഈ നുണ പ്രചരിപ്പിച്ച വീഡിയോയില്‍ കാണുന്ന വ്യക്തിയുടെ പേര് ,മേല്‍വിലാസം തുടങ്ങിയ വിവരങ്ങള്‍ ആവശ്യമാണ്. അവ അറിയാവുന്നവരുണ്ടെങ്കില്‍ പങ്കുവയ്ക്കണമെന്ന് അപേക്ഷിക്കുന്നു.

30-Aug-2021