അനിൽ അക്കരയുടെ വീട്ടിലെ എച്ചിൽ നക്കാൻ തന്നെ കിട്ടില്ല: എ വി ഗോപിനാഥ്

മുൻ എം.എൽ.എ അനിൽ അക്കരയ്ക്കെതിരെ ആഞ്ഞടിച്ച് എ.വി. ഗോപിനാഥ്. കോൺഗ്രസ് വിട്ടാൽ ഗോപിനാഥ്, പിണറായിയുടെ വീട്ടിൽ എച്ചിൽ നക്കേണ്ടിവരുമെന്നായിരുന്നു അനിൽ അക്കര പറഞ്ഞിരുന്നത്. എന്നാൽ താനാരുടേയും വീട്ടിൽ എച്ചിൽ നക്കാൻ പോയിട്ടില്ലെന്നായിരുന്നു ഗോപിനാഥിന്റെ മറുപടി.

'ഞാൻ ആരുടേയും വീട്ടിൽ എച്ചിൽ നക്കാൻ പോയിട്ടില്ല. പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടിയുടെ അതുല്യനായ, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമാണ്. അദ്ദേഹത്തിന്റെ വീട്ടിലെ എച്ചിൽ നക്കും എന്ന് പറഞ്ഞാൽ അതിൽ അഭിമാനിക്കുന്നവനാണ് ഞാൻ,' ഗോപിനാഥ് പറഞ്ഞു.

ഒരു കാരണവശാലും അനിൽ അക്കരയുടെ വീട്ടിലെ എച്ചിൽ നക്കാൻ തന്നെ കിട്ടില്ലെന്നും അതിന് തന്റെ പട്ടിയെ വിടുമെന്നും ഗോപിനാഥ് പറഞ്ഞു. അനിൽ അക്കര ഒരുപാട് തന്റെ കാല് നക്കിയ ആളാണെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു. 'എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യും. അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആർക്കും സാധിക്കില്ല,' ഗോപിനാഥ് പറഞ്ഞു.

ഗോപിനാഥിനെ തഴഞ്ഞ് എ. തങ്കപ്പനെയാണ് കോൺഗ്രസ് പാലക്കാട് ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡി.സി.സി അധ്യക്ഷ സ്ഥാനം നൽകാമെന്നടക്കം പറഞ്ഞാണ് നേതാക്കൾ അനുയയിപ്പിച്ച് നിർത്തിയിരുന്നത്.

30-Aug-2021