കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രതിഷേധങ്ങളിൽ ഇതാദ്യമായി മറുപടിയുമായി രംഗത്തെത്തിയിരിക്കകയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. എല്ലാ നേതാക്കളുമായും വിശദമായി തന്നെ ചർച്ച നടത്തിയാണ് ഇപ്പോഴത്തെ പട്ടിക തയ്യാറാക്കിയതെന്ന് കൊടിക്കുന്നിൽ പറയുന്നു. ഇനി ഗ്രൂപ്പുകൾക്ക് കോൺഗ്രസിൽ സ്ഥാനം ഉണ്ടാകില്ലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഏത് വിധത്തിലുള്ള ചർച്ചകളാണ് ആഗ്രഹിച്ചതെന്ന് തങ്ങൾക്ക് അറിയില്ല. എന്തായാലും ഇനി ഗ്രൂപ്പുകളെ കേൾക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈക്കമാന്റ് നേതൃത്വമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മുൻ കാലങ്ങളിൽ ഹൈക്കമാന്റ് ഗ്രൂപ്പുകളെ കേട്ടിരുന്നു.അവർ പറയുന്ന നിലയിൽ തന്നെയാണ് തിരുമാനങ്ങൾ കൈക്കൊണ്ടത്. ഭാരവാഹി പട്ടികകളും വീതം വെച്ചത്.
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇനി ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റ് എത്തിയതെന്നും കൊടുക്കുന്നിൽ വ്യക്തമാക്കി. ഗ്രൂപ്പ് സമവാക്യങ്ങൾ ഇനി പാലിക്കേണ്ടതില്ലെന്ന് ഹൈക്കമാന്റ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമസഭ കക്ഷി തലത്തിലും കെപിസിസിയിലും മാറ്റം ഉണ്ടായത്. പാർട്ടിയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ തന്നെ പരിഹരിക്കപ്പെടും. ഇപ്പോൾ ഉയരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ പട്ടിക പുന;പരിശോധിക്കില്ലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.