കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇ ഡിക്ക് കൈമാറി: കെ ടി ജലീൽ

ചന്ദ്രിക ദിനപത്രത്തിനെ മറയാക്കി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ ഇ ഡിക്ക് തെളിവുകൾ കൈമാറിയെന്ന് കെ ടി ജലീൽ. വെള്ളിയാഴ്ച കുഞ്ഞാലിക്കുട്ടിയേയും ഏഴാം തിയതി അദ്ദേഹത്തിന്റെ മകൻ ആഷിഖിനേയും ഇ.ഡി വിളിപ്പിച്ചിട്ടുണ്ട് എന്നാണ് താൻ മനസിലാക്കുന്നതെന്ന് ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കും ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ താൻ ഉന്നയിച്ച സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് തന്റെ പക്കൽ നിന്നും ചില കാര്യങ്ങൾ അറിയേണ്ടതുണ്ട് എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മൊഴിയെടുക്കാൻ വേണ്ടി തന്നെ നോട്ടീസ് അയച്ച് വിളിപ്പിച്ചതെന്ന് കെ ടി ജലീൽ പറഞ്ഞു.

ഇപ്പോൾ കൈമാറിയ രേഖകൾക്ക് പുറമേ മറ്റു ചില രേഖകൾ കൂടി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ആ രേഖകളും സംഘടിപ്പിച്ച് നൽകുമെന്നും കെ ടി ജലീൽ പറഞ്ഞു. ലീഗിന്റെ മുഖപത്രത്തിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും മറ്റു പലരുടെയും സാമ്പത്തിക ഉറവിടം സംബന്ധിച്ചും ഇ ഡി ചോദിച്ചു. അക്കാര്യങ്ങളും കഴിയുന്നതുപോലെ നൽകിയിട്ടുണ്ട്. മുഖപത്രത്തെയും മുസ് ലിം ലീഗ് സംഘടനയെയും സ്ഥാപനങ്ങളെയും മറിയാക്കി കള്ളപ്പണം വെളുപ്പിക്കുക, അവിഹിതമായി ധനസമ്പാദനം നടത്തുക ഇതൊക്കെ കുറച്ചു കാലമായി നടക്കുന്നുണ്ടെന്നും താൻ നൽകിയ രേഖകൾ ലീഗിനെ പ്രതിക്കൂട്ടിലാക്കുമോയെന്ന് കാത്തിരുന്ന് കാണാമെന്നും കെ ടി ജലീൽ പറഞ്ഞു.

പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ താൻ ബാധ്യസ്ഥനാണ് അത് നൽകുമെന്നും കെ ടി ജലീൽ പറഞ്ഞു. എ ആർ നഗർ ബാങ്കുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വിഷയത്തിലെ രേഖകൾ ഇപ്പോൾ ഇ ഡി ക്ക് നൽകിയിട്ടില്ല. ബാങ്കുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപോർട്ട് ഉദ്യോഗസ്ഥർ രണ്ടു ദിവസം മുമ്പ് സമർപ്പിച്ചിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അതിന്റെ പകർപ്പ് എടുത്തതിനു ശേഷം മാധ്യമങ്ങളെ താൻ വീണ്ടും കാണുമെന്നും കെ ടി ജലീൽ പറഞ്ഞു. ഇന്ന് രാവിലെ 10.30 ഓടെയാണ് കെ ടി ജലീൽ എൻഫോഴ്സ്മെന്റിന്റെ കൊച്ചിയിലെ ഓഫിസിൽ എത്തിയത്. വൈകുന്നേരം നാലുമണിയോടെയാണ് മൊഴിയെടുപ്പ് പൂർത്തിയായത്.

02-Sep-2021