അഴീക്കൽ ബോട്ട് ദുരന്തം; 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
അഡ്മിൻ
അഴീക്കൽ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10000 രൂപ അടിയന്തര സഹായവും പരിക്കേറ്റവർക്ക് 5000 രൂപ അടിയന്തര സഹായവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപകടസ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
മറ്റ് സഹായങ്ങൾ ആലോചിച്ച ശേഷം തീരുമാനിക്കും. എല്ലാവരുടെയും ചികിത്സയും സൗജന്യമായിരിക്കും. വള്ളത്തിൻറെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് വേണ്ട സംവിധാനങ്ങൾ ഒരുക്കാൻ മന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു.ആലപ്പുഴ വലിയഴീക്കൽ ഭാഗത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി തിരികെ വരികയായിരുന്ന ഓംകാരം എന്ന വള്ളമാണ് അപകടത്തിൽ പെട്ടത്.
സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. നാലുപേരും ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശികളാണ്. തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പതിനാറ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. രക്ഷപ്പെട്ട 12 പേരെയും കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.