ഇഡിയുടെ മുന്നിൽ ഹാജരാകാൻ സാവകാശം തേടി കുഞ്ഞാലിക്കുട്ടി

ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മറവിൽ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി നാളെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരായേക്കില്ല. നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്‍റിനെ അറിയിച്ചു.

ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകി ആവശ്യപ്പെട്ടിട്ടുള്ളത്. മകൻ ആഷിഖിനും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ചന്ദ്രിക സാമ്പത്തിക കേസിൽ മുൻ മന്ത്രി കെ ടി ജലീലിനെ മൊഴിയെടുക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും വേണ്ടി ഇഡി ഇന്ന് നോട്ടീസ് നൽകി വിളിപ്പിച്ചിരുന്നു. ജലീലാണ് കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി വിളിപ്പിച്ചെന്ന വിവരവും മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

02-Sep-2021