യൂത്ത് കോൺഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചത് ഷാഫി പറമ്പിൽ പറഞ്ഞിട്ട്

യൂത്ത് കോൺഗ്രസ് വക്താവായി കഴിവ് പരിഗണിച്ചാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനെ നിയമിച്ചതെന്ന് ദേശീയ ജനറൽ സെക്രട്ടറി എബ്രഹാം റോയി മാണി. തിരുവഞ്ചൂരിനെ പോലുള്ള നേതാവിൻറെ മകനാകുന്നത് അയോഗ്യതയല്ലെന്നും എബ്രഹാം റോയി മാണി ചൂണ്ടിക്കാട്ടി.

അർജുനെ നിയമിച്ച വിവരം സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അറിഞ്ഞിരുന്നില്ല. ഷാഫി പറമ്പലിൻറെ ആവശ്യ പ്രകാരമാണ് പട്ടിക മരവിപ്പിച്ചതെന്നും എബ്രഹാം റോയി മാണി പറഞ്ഞു. വക്താക്കളുടെ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിൻറെ അഭിപ്രായം കൂടി പരിഗണിക്കും. വക്താക്കളെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങളെ കുറിച്ച് വിശദീകരിക്കുമെന്നും എബ്രഹാം റോയി മാണി പറഞ്ഞു.

കെ.സി. വേണുഗോപാൽ പാർട്ടിയുടെ നിരവധി ചുമതലയുള്ള നേതാവാണ്. വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം ഇടപെട്ടിട്ടില്ലെന്നും എബ്രഹാം റോയി മാണി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. അർജുൻ രാധാകൃഷ്ണൻ അടക്കം അഞ്ചു പേരെ യൂത്ത് കോൺഗ്രസ് വക്താക്കളായി നിയമിച്ച ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് നടപടിക്കെതിരെ കേരള ഘടകത്തിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.

03-Sep-2021