പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു; കച്ച മുറുക്കിയുടുത്തോളൂ; കുഞ്ഞാലികുട്ടിയോട് കെടി ജലീൽ

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകാൻ സാവകാശം തേടിയ പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീൽ.ഇഡി ഓഫീസിൽ നാളെ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്. കള്ളപ്പണ വെളുപ്പിക്കൽ ആരോപണത്തിൽ കുഞ്ഞാലിക്കുട്ടിയെയും മകനെയും ഇഡി ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ടെന്ന് കെടി ജലീലാണ് മാധ്യമങ്ങളോട് പറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയോട് നാളെയും മകനോട് ഏഴാം തീയതിയും ഹാജരാകാനാണ് ഇഡി നിർദേശിച്ചിരിക്കുന്നതെന്ന് ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ തന്റെ പക്കലുള്ള തെളിവുകളെല്ലാം ഇഡിക്ക് നൽകിയെന്നും ജലീൽ പറഞ്ഞു.

അതേസമയം അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടിയോട് പരിഹാസത്തോടെ ജലീൽ ചോദിച്ചത്. ജലീൽ പറഞ്ഞത്: ''സത്യത്തോട് പൊരുതാൻ കാപട്യത്തിൽ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങൾ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാൽ ഉറച്ച ചുവടുകൾക്കു മുന്നിൽ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ.''

03-Sep-2021