കോൺഗ്രസ് ദേശീയതലത്തിൽ തന്നെ ദുർബലപ്പെട്ടു: എ വിജയരാഘവന്‍
അഡ്മിൻ
ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും പാർട്ടി ശിഥിലമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഡിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉയർന്ന കലഹങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണമുള്ള മൂന്ന് സംസ്ഥാനങ്ങളിലും ചേരിതിരിഞ്ഞ് തർക്കിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബ് ഏതാനും മാസം കഴിഞ്ഞാൽ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. കോൺഗ്രസിലെ പരസ്പര തർക്കം കാരണമാണ് കർണാടകയിലും മധ്യപ്രദേശിലും ബിജെപിക്ക് സർക്കാരുണ്ടാക്കാൻ കഴിഞ്ഞത്. ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലുണ്ടായ സംഭവങ്ങളെ കാണാനെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ തകർച്ച അതിവേഗം സംഭവിക്കുകയാണ്. കോൺഗ്രസിനകത്ത് വലിയ തോതിലുള്ള തകർച്ചയും ശിഥിലീകരണവുമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ദേശീയതലത്തിൽ തന്നെ ദുർബലപ്പെട്ടു. ഹൈക്കമാൻഡിന്റെ കരുത്ത് ചോർന്നു.
ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. ബിജെപിയുടെ ജനവിരുദ്ധ നിലപാടുകളെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് ദുർബലപ്പെട്ടെന്നും വിജരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. വ്യക്തികൾക്ക് ചുറ്റും അണിനിരന്നവർ നേതൃത്വത്തിലേക്ക് വന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവുമില്ലാത്ത പാർട്ടിയാണ്.
ഏത് തരം വിദ്യ പ്രയോഗിച്ചാലും കേരളത്തിലെ കോൺഗ്രസിൽ തർക്കങ്ങൾ അനന്തമായി മുന്നോട്ടുപോകും. പരസ്പരം തർക്കിക്കുന്ന, ഗ്രൂപ്പുകളും പുതിയ ഗ്രൂപ്പുകളും രൂപംകൊള്ളുന്ന പാർട്ടിക്ക് സെമി കേഡർ പാർട്ടിയെന്ന വിചിത്ര പേര് ഇപ്പോൾ നൽകിയിരിക്കുന്നു.-വിജയരാഘവൻ കൂട്ടിച്ചേർത്തു.