ഒ രാജഗോപാലിനും കെ സുരേന്ദ്രനുമെതിരായി ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്‌

കേരളത്തില്‍ മുപ്പത്തിയഞ്ച് സീറ്റ് നേടിയാല്‍ ഭരണം ലഭിക്കുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന ബിജെപിക്ക് വലിയ തിരിച്ചടിയായെന്ന് തെരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച ബിജെപി സമിതിയുടെ റിപ്പോര്‍ട്ട്. ഒ രാജഗോപാലിന്റെ പ്രസ്താവനകള്‍ നേമത്തും പൊതുവിലും പാര്‍ട്ടിക്ക് ദോഷം ചെയ്തു. നേതൃത്വത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന റിപ്പോര്‍ട്ട് അടുത്തയാഴ്ച ചേരുന്ന കോര്‍ കമ്മറ്റി യോഗം വിശദമായി ചര്‍ച്ച ചെയ്യും.

നാല് ജനറല്‍ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങളെക്കുറിച്ച് ബിജെപി പഠിച്ചത്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന തിരച്ചടിയായി. ബിജെപിയും കോണ്‍ഗ്രസും ധാരണ എന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കി. എല്‍ഡിഎഫ് ന്യൂനപക്ഷങ്ങളില്‍ ഇത് ഫലപ്രദമായി ഉപയോഗിച്ചു.

കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് വീഴ്ചയായി. രണ്ട് മണ്ഡലത്തിലും ശ്രദ്ധ ലഭിച്ചില്ല. ഒ രാജഗോപാല്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവന നേമത്ത് ദോഷം ചെയ്തു. ഒ രാജഗോപാലിന് നേമത്ത് ജനകീയ എംഎല്‍എ ആകാനായില്ല. നേമം ഗുജറാത്താണെന്ന കുമ്മനത്തിന്റെ പ്രസ്താവന സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളില്‍ ചര്‍ച്ചയായി.

ശബരിമലയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയും കഴക്കൂട്ടത്ത് തിരിച്ചടിയായി. കഴക്കൂട്ടത്ത് പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും സമാന്തരമായി പ്രചാരണം നടത്തി. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് മണ്ഡലത്തിലെ സാധ്യതകള്‍ നഷ്ടമായി. ബിജെപി ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്ത കൃഷ്ണകുമാറിന് തിരിച്ചടിയായി. ഇങ്ങനെയാണ് റിപ്പോട്ടിലെ കണ്ടെത്തലുകള്‍.

ബിഡിജെഎസ്, എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരുന്നെങ്കില്‍ പോലും ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചില്ല. ഗുരുവായൂരിലേയും തലശ്ശേരിയിലേയും നാമനിര്‍ദ്ദേശപത്രിക തള്ളിയത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിലുണ്ട്. അടുത്ത ആഴ്ച ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം ചേരും.

04-Sep-2021