'ബി ദ വാരിയര്‍' ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു
അഡ്മിൻ
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് ഏറ്റവും പുതിയതായി ആരംഭിച്ച 'ബി ദ വാരിയര്‍' ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്പയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു.
സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കൊവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണമെന്നതാണ് ബി ദ വരിയർ ക്യാമ്പയിനിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കിയും, ശാരീരിക അകലം പാലിച്ചും, രണ്ട് ഡോസ് വാക്‌സിനെടുത്തും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഓരോരുത്തരും പങ്കാളിയാകുക എന്നതാണ് ഈ കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്ന എസ്.എം.എസ്. കൃത്യമായി പാലിക്കുക, ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറുക, റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുക, വയോജനങ്ങള്‍, കുട്ടികള്‍, കിടപ്പു രോഗികള്‍ എന്നിവരിലേക്ക് രോഗം എത്തുന്നത് തടയുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിവിധ ജനവിഭാഗങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുക എന്നിവയ്ക്കും ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പത്ര, ദൃശ്യ, ശ്രാവ്യ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റ് മാര്‍ഗങ്ങളിലൂടെയും കൊവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരന്റെയും പ്രാധാന്യത്തെയും ചുമതലയെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തും.