കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഫലം ലഭിച്ചത്. ഉടന്‍ തന്നെ ആരോഗ്യ വകുപ്പ് യോഗം ചേര്‍ന്നു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഈ മാസം ഒന്നാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുെണ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഫലം വന്നതിനെത്തുടര്‍ന്ന് നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

05-Sep-2021