നിപ വൈറസ്; ആശങ്ക വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ വ്യാപനം തടയാനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ആശങ്ക വേണ്ട, ജില്ലയിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സജ്ജരാണ്. ഒരുസംഘമായി പ്രവര്‍ത്തിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. നിലവില്‍ കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുര്‍ഘടമായിരിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ച 12 വയസുകാരനിലായിരുന്നു നിപ വൈറസ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആവുകയായിരുന്നു. കുട്ടിയുടെ അടുത്ത ബന്ധുക്കളടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ മറ്റാര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല.

05-Sep-2021