നിപ ലക്ഷണങ്ങൾ കണ്ടെത്തിയ രണ്ട് പേരും ആരോഗ്യപ്രവർത്തകർ

കോഴിക്കോട് ജില്ലയിൽ നിപ ലക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നവരിൽ രണ്ട് പേരും ആരോഗ്യപ്രവർത്തകരാണെന്ന് മന്ത്രി വീണ ജോർജ്. നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിലെ ക്രമീകരണങ്ങളെ കുറിച്ചും മന്ത്രി വ്യക്തമാക്കി

നിലവിൽ സംസ്ഥാനത്ത് ഒരു നിപ കേസ് മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പർക്കപ്പട്ടികയിൽ 188 പേരാണുള്ളത്. 188 പേരിൽ 100 പേർ മെഡിക്കൽ കോളേജ് ജീവനക്കാരും 36 പേർ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർകത്തകരുമാണ്. സ്വകാര്യ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും ഓരോ ജീവനക്കാർക്കാണ് നിലവിൽ ലക്ഷണങ്ങളുള്ളത്. ഇവർ രണ്ട് പേരടക്കം സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്‌ക് കാറ്റഗറിയിൽ വരുന്ന 20 പേരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ചികിത്സക്കായി ഒരുക്കിയിട്ടുള്ള പ്രത്യേക സജ്ജീകരണത്തിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പ്രതിരോധം, ചികിത്സ എന്നിവക്കായി 16 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ജില്ലയിൽ 0495 238500, 238200 എന്നീ നമ്പറുകളിൽ നിപ കോൾ സെന്ററുകൾ തുറന്നിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ നിയന്ത്രണമേർപ്പെടുത്താനും കോഴിക്കോട് ജില്ലയിൽ മുഴുവൻ ജാഗ്രതാനിർദേശം പുറപ്പെടുവിക്കാനും അറിയിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും വീണ ജോർജ് അറിയിച്ചു. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കുള്ള സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആദ്യഘട്ട പരിശോധനക്കുള്ള സംവിധാനം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമെത്തി ചെയ്തുതരുമെന്നും ഇതിൽ പോസിറ്റീവാകുന്ന സാമ്പിളുകൾ പൂനെയിലേക്ക് അയക്കുമെന്നും 12 മണിക്കൂറിനുള്ളിൽ ഇവയുടെ പരിശോധനാഫലം ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു. നിപ ചികിത്സക്ക് ആവശ്യമായ മരുന്നുകൾ സ്റ്റോക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

05-Sep-2021