എത്രയും വേഗം പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാം: കെ കെ ശൈലജ
അഡ്മിൻ
എത്രയും പെട്ടെന്ന് ഇടപെട്ട് പ്രതിരോധം ഒരുക്കിയാല്‍ നിപ വ്യാപനം തടയാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. നിപ വീണ്ടും വരാനുളള സാധ്യത വിദഗ്ധര്‍ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അതുകൊണ്ട് എല്ലാ വര്‍ഷവും നിപ വരുമോ എന്നുള്ള മോക്ഡ്രില്‍ നടത്താറുണ്ടായിരുന്നു. ആ മോക്ഡ്രില്ലാണ് കോവിഡ് വന്ന ഉടനെ പ്രതിരോധിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിത്തന്നതെന്നും ശൈലജ പറഞ്ഞു.
കോഴിക്കോട് നിപ ബാധിച്ച് ഒരു കുട്ടി മരിച്ചതോടെ അതീവ ജാഗ്രതയാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 20 പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ രണ്ടു പേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-കാരന്റെ വീട്ടില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.
കോഴിക്കോട് ചാത്തമംഗലം മുന്നൂരിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. നിപ ബാധിച്ച് മരിച്ച 12-കാരന് റമ്പൂട്ടാന്‍ പഴം കഴിച്ചിരുന്നതായാണ് ബന്ധുക്കള്‍ നല്കുന്ന വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തിയ ഇടമാണോ എന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണ് ഇത്.