നിപ: കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്

സംസ്ഥാനത്ത് നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് കേന്ദ്ര സംഘത്തിന്റെ പ്രാഥമിക നിഗമനം. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗനിയന്ത്രണം സാധ്യമാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ കേരളത്തിലെത്തും. നിപ സാഹചര്യം കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരൻ നിപ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുൻപാണ്.

രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം നില ഗുരുതരമായി മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി. പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളിൽ നിന്നാണോ അതോ ആരിൽ നിന്നെങ്കിലും പകർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാൻ അധികൃതർക്കായിട്ടില്ല. ഇതിൽ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായകമാണ്. പഴൂരിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഇന്ന് പരിശോധന നടത്തും.

മരിച്ച കുട്ടിയുടെ വീട്ടിൽ എത്തി നേരത്തെ അസുഖം ബാധിച്ച ആടിനെ പരിശോധിക്കുകയും സാമ്പിൾ ശേഖരിക്കുകയും ചെയ്യും. പ്രദേശത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്ന കാര്യവും പരിശോധിക്കും. സാന്നിദ്ധ്യം കണ്ടെത്തിയാൽ ഇവ ഏത് വിഭാഗത്തിൽ പെടുന്നു എന്നതടക്കം കണ്ടെത്തേണ്ടതുണ്ട്. വവ്വാലിൻറെ സ്രവ സാമ്പിൾ പരിശോധിക്കേണ്ടതുണ്ടോ എന്നത് പിന്നീട് തീരുമാനിക്കും. നിരീക്ഷണത്തിലുള്ളവർക്കായി ഇന്ന് മെഡിക്കൽ കോളജിൽ നിപ ട്രൂനാറ്റ് പരിശോധന നടത്തും.

06-Sep-2021