രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടാന്‍ കെ പി സി സി

സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമർശത്തിൽ രാജ്‌മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടി കെ പി സി സി. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതൃത്വം നടത്തിയ കൂടിക്കാഴ്‍ചയ്‍ക്ക് പിന്നാലെയാണ് നടപടി.

ഡി സി സി പ്രസിഡന്റ്‌ നിയമനത്തിൽ കൂടിയാലോചനകൾ നടന്നില്ല എന്ന് പറഞ്ഞ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്‌മോഹൻ ഉണ്ണിത്താൻ ആഞ്ഞടിച്ചത്. എന്നാൽ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കൾക്കെതിരെ ഈ തരത്തിൽ പ്രതികരിച്ചതിൽ കെ സുധാകരനടക്കം ഉണ്ണിത്താനെ തള്ളിപ്പറഞ്ഞിരുന്നു.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ.സുധാകരനും വിഡി സതീശനും നടത്തിയ ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ മാറ്റിവച്ച് യോജിച്ച് നീങ്ങാൻ ധാരണയായതിന് പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം തേടുന്നത്. ഇന്നലെ വി ഡി സതീശൻ ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വീട്ടിലെത്തി കണ്ടതോടെയാണ് സമവായ അന്തരീക്ഷത്തിന് കളമൊരുങ്ങിയത്.

പിന്നാലെ ചെന്നിത്തലയും ഉമ്മൻചാണ്ടിയും സുധാകരനും സതീശനും ഒരുമിച്ചിരുന്നു ചർച്ച നടത്തി. തങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നായിരുന്നു ഉമ്മൻചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യം.

06-Sep-2021