നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് വൈറസ് ബാധയില്ല
അഡ്മിൻ
സംസ്ഥാനത്തെ നിപ രോഗലക്ഷണങ്ങളുള്ള എട്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. പുനെ നാഷണൽ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യ പ്രവർത്തകരുമടക്കമുള്ളവർക്ക് നിപ ബാധയില്ലെന്ന് കണ്ടെത്തിയത്.
ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ് ഇക്കാര്യം വ്യക്തമാക്കിയത്. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തിൽ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കൽ കോളേജിലുള്ളത്. ഇതിൽ 8 പേരുടെ സാംപിളുകൾ പരിശോധിച്ചു. അഞ്ച് പേരുടെ പരിശോധിക്കുന്നുണ്ട്. കുറച്ചു പേരുടെ സാംപിളുകൾ ഇതിന് മുമ്പ് പുണെയിലേക്ക് അയച്ചിരുന്നു. മുഴുവൻ പേരുടേയും സാംപിളുകൾ പരിശോധിക്കാൻ സധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ സാംപിളുകൾ ഇന്ന് തന്നെ പരിശോധിക്കാൻ സാധിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഐഡി പുണെയുടേയും മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലാബിൽ അഞ്ച് സാംപിളുകൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും.