കോണ്‍ഗ്രസ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ കെട്ടിയിറക്കി: കെ മുരളീധരന്‍
അഡ്മിൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ 41 സീറ്റ് കിട്ടിയത് തന്നെ ഭാഗ്യമാണെന്ന് കെ. മുരളീധരൻ എം.പി. തോൽവി അവലോകനം ചെയ്തപ്പോൾ മനസിലാകുന്നത് ഇതാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡി.സി.സി അദ്ധ്യക്ഷനായി അഡ്വ.കെ പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചനയാണിത്. അത് കോൺഗ്രസ് മനസിലാക്കിയില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി. എമ്മിന്റെ പി.ആർ വർക്ക് ഗുണം ചെയ്തു. കിറ്റും അവർക്ക് നേട്ടമായി. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിന് ആയില്ല.സാമുദായിക സംഘടനകളെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് സി.പി.എം സമീപിച്ചെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഇപ്പോൾ അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ തെറ്റുകൾ തിരിച്ചറിയണം. തുടർച്ചയായ പരാജയങ്ങൾ അണികളെ നിരാശരാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ കെട്ടിയിറക്കി. ചിലയിടത്ത് കൈപ്പത്തിയിൽ മത്സരിച്ചവർ പോലും നാലാം സ്ഥാനത്ത് വരെ എത്തിയെന്നും മുരളീധരൻ പറഞ്ഞു.