ചന്ദ്രിക കേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകാൻ കെ ടി ജലീല്‍

മലപ്പുറം എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം വേണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ ടി ജലീല്‍ എം എല്‍ എ. സഹകരണ ബാങ്ക് വിഷയത്തില്‍ സി പി എം നേതാക്കള്‍ ചോദിച്ചാല്‍ വിശദീകരണം നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി.

ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ  തെളിവുകള്‍ കൈമാറാന്‍ കെ ടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നതെന്ന് ജലീല്‍ പറഞ്ഞു. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ വ്യക്തമാക്കി.

ഇഡിയില്‍ കുറെക്കൂടി വിശ്വാസം ജലീലിന് വന്നിട്ടുണ്ടെന്ന് തോന്നുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനും ജലീല്‍ മറുപടി നല്‍കി. മുഖ്യമന്ത്രി പറഞ്ഞത് തമാശയാണെന്ന് ജലീല്‍ പറഞ്ഞു. ആ നിലക്കെ താന്‍ അതിനെ കാണുന്നുള്ളൂ. തന്നോട് പലപ്പോഴും ഇത്തരത്തില്‍ മുഖ്യമന്ത്രി സംസാരിക്കാറുണ്ടെന്നും ജലീല്‍ പറഞ്ഞു.

08-Sep-2021