ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീല്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകും

ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിക്കു കൈമാറുന്നത് ഏഴ് സുപ്രധാന തെളിവുകളെന്ന് കെ ടി ജലീല്‍. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് സ്ഥലം വാങ്ങിയത് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറും. 2011 ല്‍ നടന്ന രജിസ്‌ട്രേഷന്റെ പണമിടപാട് നടന്നത് 2016 ലെന്ന് ജലീല്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായാണ് ഇതെന്നും ലീല്‍ പറഞ്ഞു.

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീല്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകള്‍ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകള്‍ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും. ഏഴ് കാര്യങ്ങള്‍ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകള്‍ സംഘടിപ്പിച്ച് നല്‍കാന്‍ കഴിയുന്നത് നല്‍കണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീല്‍ പറഞ്ഞു.

ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്.

09-Sep-2021