സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ടൂറിസം മേഖലയിലും ഉപയോഗപ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
അഡ്മിൻ
ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായുള്ള ആപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പൊതുമരാമത്ത് — ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയില്‍ രണ്ടാം ഘട്ടമായി 12 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തീകരിച്ച ഐഎല്‍ജിഎംഎസ് സോഫ്റ്റ് വെയറിന്റെ ജില്ലാതല പ്രഖ്യാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ഗ്രാമങ്ങളിലുള്ള ആരും ഇതുവരെ എത്തിപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സാധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ ഫോട്ടോയും വീഡിയോയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആപ്പ് ആണിതെന്നും കോവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ഐഎല്‍ജിഎംഎസ് പോലുള്ള വാതില്‍പ്പടി സേവനങ്ങള്‍ ഭരണ സംവിധാനത്തില്‍ വേഗത കൈവരിക്കാന്‍ സഹായകമാകുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സംവിധാനം പൊതു ജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരത്തുമ്പില്‍ എത്തിക്കുകയാണ്. ഓഫീസുകളില്‍ കയറിയിറങ്ങാതെ തന്നെ ജനങ്ങള്‍ക്ക് അപേക്ഷകള്‍, പരാതികള്‍ എന്നിവ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും.
സേവനങ്ങള്‍ വേഗത്തിലും സമയ ബന്ധിതവുമാക്കാന്‍ സാധിക്കും. രണ്ടു ഘട്ടങ്ങളിലായി 25 ഗ്രാമപഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് വിന്യസിക്കാന്‍ കഴിഞ്ഞ കണ്ണൂര്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുകയാണ് ഓരോ ഭരണസംവിധാനവും ചെയ്യേണ്ടത്. സര്‍ക്കാര്‍ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് മുന്നോട്ട് പോകുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ പി ഡബ്ലിയു ഡി ഫോര്‍ യു ആപ്പ് ഇത്തരത്തിലുള്ള സംവിധാനമാണ്. ജനങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ കാഴ്ചക്കാര്‍ മാത്രമല്ല കാവല്ക്കാര് കൂടിയാണെന്ന് വ്യക്തമാക്കുന്നതാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.