തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു
അഡ്മിൻ
തിരുവനന്തപുരം: ജനകീയാസൂത്രണ രജതജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭ, അമൃത് മിഷന് പദ്ധതിയുടെ ഭാഗമായി പണിപൂര്‍ത്തിയാക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍, സഹായികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യത്തിന്റെ അളവ് നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തി അടുത്ത 50 വര്‍ഷത്തെ ആവശ്യം കൂടി കണക്കിലെടുത്താണ് പ്ലാന്റ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം ക്യാമ്പസിനുള്ളില്‍ തന്നെ സംസ്കരിക്കുന്നതിന് തീരുമാനിക്കുകയും അതനുസരിച്ച് കേരള വാട്ടര്‍ അതോറിറ്റി വിശദമായ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. പദ്ധതിക്ക് 2017 ഡിസംബര്‍ 23ന് 19.16 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയും തുടര്‍ന്ന് 2018 സെപ്തംബര്‍ 25ന് സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു. 2019 സെപ്തംബര്‍ 25ന് 'സായ്നാഥ് എന്‍വിറോടെക്' എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കുകയും ചെയ്തു. പൂര്‍ത്തിയാക്കിയ പ്ലാന്റ് ദിനംപ്രതി അഞ്ച് ദശലക്ഷം ലിറ്റര്‍ സംസ്കരണശേഷിയുള്ളതാണ്.
ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തനക്ഷമത തെളിയിച്ച എംബിബിആര്‍ സാങ്കേതികവിദ്യ അനുസരിച്ചാണ് പ്ലാന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ആശുപത്രിയിലെ ലാബില്‍ നിന്നും പുറന്തള്ളുന്ന മാലിന്യം പ്ലാന്റില്‍ ലഭ്യമാക്കുന്നതിന് മുമ്പ് രാസ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം പ്ലാന്റില്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, അമൃത് മിഷന് ഡയറക്ടര്‍ ഡോ. രേണുരാജ്, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, മരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡി.ആര് അനില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.