സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്.
ഇതോടെ 73 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളുടെ ഭാഗമായി ഇന്ന് വവ്വാലുകളെ പിടിക്കും. പൂനയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തില്‍ വനംവകുപ്പുദ്യോഗസ്ഥര്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകള്‍ പറക്കുന്ന പാതയും സമ്പര്‍ക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകള്‍ വവ്വാലുകള്‍ കടിച്ചത് വ്യക്തമായതിനാല്‍ അതില്‍നിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.