കണ്ണൂർ സർവകലാശാലാ വിവാദ സിലബസിനെ അനുകൂലിച്ച് ശശി തരൂർ

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസിനെ അനുകൂലിച്ച് കോൺഗ്രസ് എം പി ശശി തരൂർ. വിമർശനാത്മകമായി ഗോൾവാൾക്കറും സവർക്കറും സിലബസിൽ ഉൾപ്പെടുന്നതിൽ തെറ്റില്ലെന്ന് ശശി തരൂർ പറഞ്ഞു. സവർക്കറും ഗോൾവാൾക്കറും ജീവിച്ചിരുന്ന കാലത്ത് എന്താണ് സംഭവിച്ചത്. അവർ എപ്പോഴാണ് പുസ്തകം എഴുതിയത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കുന്നതിൽ ഒരു തെറ്റുമില്ലെന്ന് തരൂർ വ്യക്തമാക്കി. എന്താണ് അവരുടെ വിശ്വാസം എന്നത് മനസിലാക്കി വിമർശനാത്മകമായി പുസ്തകത്തെ കാണാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഒരു യൂണിവേഴ്സിറ്റിയിൽ പോയാൽ അവിടെ അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോൾ ഒരു പുസ്തകം ഒരു സർവകലാശാലയിൽ ഉണ്ടാകരുത് എന്ന് പറയുന്നതിൽ യുക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ വായിക്കൂ എങ്കിൽ സർവകലാശാലയിൽ പോയിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലർ പറയുന്നത് സിലബസിൽ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ അധ്യാപകർ പഠിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ ഇതൊക്കെ യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കുമെന്നാണ്.

എന്നാൽ അധ്യാപകർക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാൻ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാം വായിക്കാം, എല്ലാം ചർച്ച ചെയ്യാമെന്നുണ്ടെങ്കിൽ ഇത്തരം പുസ്തകം സിലബസിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന് തരൂർ പറഞ്ഞു.

13-Sep-2021