സുധാകരനെതിരെ രൂക്ഷ പ്രതികരണവുമായി കെ പി അനിൽകുമാർ

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമശനമുന്നയിച്ച് കെ പി അനിൽകുമാർ. കെ സുധാകരൻ സംഘപരിവാർ മനസുളള നേതാവാണ്. അങ്ങനെയുളള നേതാവ് നയിച്ചാൽ കോൺഗ്രസ് എങ്ങനെ രക്ഷപ്പെടുമെന്നും കെ പി അനിൽകുമാർ ചോദിച്ചു. കെ സുധാകരൻ കെപിസിസി പിടിച്ചത് താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത് പോലെയെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസിൽ നിന്നും താൻ രാജിവെച്ചതായി അറിയിച്ചുകൊണ്ടുളള വാർത്താസമ്മേളനത്തിലാണ് കെ പി അനിൽകുമാർ കെ സുധാകരനെതിരെ ആഞ്ഞടിച്ചത്.

സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂവെന്ന് കേരളം മുഴുവൻ ഫ്‌ലക്‌സ് വെച്ചു. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നയാളാണ് ഇപ്പോൾ പ്രസിഡൻറ്. എന്നിട്ട് സംഘടന തെരഞ്ഞെടുപ്പ് നടത്തിയോ. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ യാതൊരു ജനാധിപത്യവുമില്ലെന്നും അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഡി.സി.സി പട്ടികയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ അതേ കാര്യങ്ങളാണ് തൊട്ടടുത്ത ദിവസം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞത്. അവർക്കെതിരെ എന്തെങ്കിലും നടപടിയെടുത്തോ. ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പുറത്താക്കണമെന്ന് പറഞ്ഞവർക്കെതിരെ നടപടിയെടുത്തോ. ഉമ്മൻചാണ്ടിക്കും ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമെതിരെ നിരന്തരം ഓൺലൈനിൽ തെറിയഭിഷേകം നടത്തിയ വ്യക്തി കെ.എസ് ബ്രിഗേഡുകാരനാണ്. അയാളെയാണ് സുധാകരൻ അദരിച്ചത്. കൂലിക്ക് ആളെ വെച്ച് നേതാക്കളെ അപമാനിക്കുന്ന പ്രവൃത്തിക്ക് നേതൃത്വം നൽകുന്നയാളാണ് കെ.പി.സി.സി പ്രസിഡൻറ്. അങ്ങനെയൊരാളുടെ കീഴിൽ എങ്ങനെ ആത്മാഭിമാനമുള്ള ഒരാൾക്ക് പ്രവർത്തിക്കാനാകും.

നീതിനിഷേധമാണ് ഇന്ന് കോൺഗ്രസിൽ നടക്കുന്നത്. കൊടിക്കുന്നിൽ സുരേഷ് കെ.പി.സി.സി അധ്യക്ഷനാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ജാതീയമായി വരെ അധിക്ഷേപമുണ്ടായി. ദേശീയതലത്തിൽ കോൺഗ്രസിന് ഒരു പ്രതീക്ഷയുമില്ല. നരേന്ദ്രമോദിക്കെതിരെ ഒരു സമരം ചെയ്യാൻ പോലുമുള്ള കെൽപ് കോൺഗ്രസിനില്ലെന്നും കെ.പി. അനിൽകുമാർ പറഞ്ഞു.

14-Sep-2021