കെപി അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് കോടിയേരി ബാലകൃഷ്ണൻ

കോണ്‍ഗ്രസ് വിട്ട കെ പി അനിൽകുമാർ സിപിഎമ്മിൽ ചേർന്നു. എകെജി സെന്ററിലെത്തിയ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയിച്ച് കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ഒരു ഉപാധിയും ഇല്ലാതെയാണ് സിപിഎമ്മിലേക്ക് പോകുന്നതെന്ന് അനിൽകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പദവി പിന്നീട് സിപിഎം തീരുമാനിക്കും.

സിപിഎം മതേതര ജനാധിപത്യമുളള പാർട്ടിയാണെന്നും അനിൽകുമാർ പറഞ്ഞു. നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനൊപ്പമാണ് അനിൽകുമാർ എകെജി സെന്ററിലെത്തിയത്. പി എസ് പ്രശാന്തും കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്നിരുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കോൺഗ്രസിൽ നിന്നും രാജിവെച്ചതായി മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽകുമാൻ അറിയിച്ചത്. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യ പ്രതികരണം നടത്തിയതിന് കെ.പി അനിൽകുമാറിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. വിശദീകരണം നൽകിയിട്ടും അച്ചടക്കനടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ഇദ്ദേഹത്തിന് അതൃപ്തിയുണ്ടായിരുന്നു.

14-Sep-2021