സംസ്ഥാനതല പട്ടയമേള തൃശൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി


അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള സംസ്ഥാനതല പട്ടയമേള തൃശൂരില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്താകെ 13500 കുടുംബങ്ങള്‍ക്കാണ് പട്ടയമേളയുടെ ഭാഗമായി ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികത്വത്തിലും നിയമക്കുരുക്കിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട ഒന്നേ മുക്കാല്‍ ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്‍കി. കേരളത്തിലെ സര്‍വകാല റിക്കാര്‍ഡായിരുന്നു ഇത്. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക അവശതകള്‍ക്ക് ശമനം വരുത്താന്‍ ഭൂമിയുടെ മേലുള്ള അവകാശം സഹായകമാവും. ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച ഭൂമിയുടെ അവകാശം അടിസ്ഥാന വര്‍ഗത്തെ അന്തസ്സോടെ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തരാക്കി.

സംസ്ഥാനത്ത് യുനീക്ക് തണ്ടപ്പേര്‍ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ ആധാര്‍ അധിഷ്ഠിത തണ്ടപ്പേര്‍ നടപ്പാക്കുന്ന സംസ്ഥാനമാവുകയാണ് കേരളം. ഇതിലൂടെ ഒരാള്‍ക്ക് സംസ്ഥാനത്ത് എവിടെയും ഒറ്റ തണ്ടപ്പേര്‍ നിലവില്‍ വരുന്നതോടെ ഭൂമി ക്രമക്കേടുകളും ബിനാമി ഇടപാടുകളും തടയാനാവും. അധികഭൂമി കണ്ടെത്തി ഭൂരഹിതര്‍ക്ക് നല്‍കാനും ക്ഷേമപദ്ധതികളിലെ അനര്‍ഹരെ കണ്ടെത്താനും ഇത് സഹായകമാവും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്, ഇതാണ് സര്‍ക്കാര്‍ നയം.

ലാന്‍ഡ് ബോര്‍ഡിലെ കേസുകള്‍ തീര്‍പ്പാക്കാന്‍ കര്‍മ്മപദ്ധതി തയാറാക്കും. മിച്ചഭൂമിയും അനധികൃത ഭൂമിയും കണ്ടെത്താന്‍ നടപടി സ്വീകരിക്കും. നിസ്വരായ ഭൂരഹിതര്‍ക്ക് ഭൂമി കൈമാറാന്‍ പ്രത്യേക ലാന്‍ഡ് ബാങ്ക് രൂപീകരിക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വേ നടത്തും. കേരളത്തിലെ ഭൂമി ഡിജിറ്റലായി അളന്നുതിട്ടപ്പെടുത്താന്‍ റീബില്‍ഡ് കേരളയുടെ ഭാഗമായി ഒന്നാം ഗഡുവായി 339 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കി ഇതു വഴി നല്ലൊരു പങ്ക് ഭൂമി സര്‍ക്കാറിലേക്ക് വന്നുചേരും. കയ്യേറ്റക്കാരെയും കുടിയേറ്റക്കാരേയും ഒരേ കണ്ണുകൊണ്ട് കാണുന്ന സര്‍ക്കാറല്ല ഇത്. മണ്ണില്‍ പണിയെടുക്കുന്നവരുടെ വേദന മനസ്സിലാക്കി അവര്‍ക്ക് ആശ്വാസം പകരാന്‍ ശ്രമിക്കുന്ന സര്‍ക്കാറാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷനായി.

14-Sep-2021