വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി
അഡ്മിൻ
കോവിഡ് കാലത്തെ പശ്ചാത്തലം വിലയിരുത്തിയാവണം വിദ്യാഭ്യാസ രംഗം മുന്നോട്ട് പോകേണ്ടതെന്നും വിദ്യാഭ്യാസമേഖലക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ പദ്ധതികളിലൂടെ പണി പൂർത്തീകരിച്ച സ്‌കൂൾ കെട്ടിടങ്ങളുടെയും ലാബുകളുടെയും ലൈബ്രറികളുടെയും ഉദ്ഘാടനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത് തന്നെ വിദ്യാർഥികൾക്ക് സ്‌കൂളുകളിലേക്ക് പോകാൻ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോൾ സ്‌കൂളുകൾ സർവസജ്ജമായിരിക്കണം. അക്കാദമിക മികവിന്റെ ഭാഗമായി കേരളത്തിലെ സ്‌കൂളുകൾ നേരത്തെതന്നെ സ്മാർട് ആയിരുന്നു. കോവിഡിൽ ഡിജിറ്റൽ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചു. ഡിജിറ്റൽ വിദ്യാഭ്യാസത്തിലൂടെ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ശ്രദ്ധിച്ചു. പാവപ്പെട്ട കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ, പഠനാവശ്യത്തിനുള്ള പുസ്തകങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളുമുണ്ടായി.
കേരളത്തിലാകെ എല്ലാ വിദ്യാലയങ്ങളും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാകണം. അതിന്റെ ഗുണഫലങ്ങൾ കുട്ടികൾക്ക് അനുഭവിക്കാൻ കഴിയുന്ന നിലയിൽ പശ്ചാത്തല സൗകര്യവും അക്കാദമിക നിലവാരവും ഇനിയും ഉയരണം. ഇതിന്റെ ഭാഗമായി അധ്യാപകരും പുതിയ ദൗത്യം നിർവഹിക്കാൻ സജ്ജമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് എത്രമാത്രം ഗൗരവത്തോടെ സർക്കാർ ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ വികസനപ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷനായിരുന്നു.