മന്ത്രി വീണാ ജോർജ്ജിനെതിരേ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകി മാധ്യമങ്ങൾ
അഡ്മിൻ
സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരേ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. വീണ ജോർജിനെതിരെ പത്തനംതിട്ട നഗരത്തിലെ പാർട്ടി കമ്മിറ്റികളിൽ വിമർശനം എന്ന പേരിൽ ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്.
അതുകൊണ്ട് തന്നെ ഇത് ആസൂത്രിതവും വീണാ ജോർജിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുമാണെന്ന് സിപിഎം പറയുന്നു. ആരോഗ്യവകുപ്പിലും പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും നിരവധിയായ വികസന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എങ്കിലും നിരന്തരം നടക്കുന്ന നുണപ്രചാരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ ഇടയാക്കും എന്നതിനാലാണ് നിയമ നടപടികളിലേക്ക് കടക്കാൻ പാർട്ടി തീരുമാനിച്ചത്.
വ്യാജ വാർത്തകൾ ജനങ്ങൾ വിശ്വാസത്തിൽ എടുക്കരുതെന്നും സിപിഎം അറിയിച്ചു. മന്ത്രി ഫോണെടുക്കുന്നില്ലെന്ന പരാതി പാർട്ടി ഘടകങ്ങളിൽ ഉയർന്നെന്നായിരുന്നു മാധ്യമവാർത്തകൾ. എംഎൽഎ ആയിരിക്കുമ്പോൾ തന്നെ ഫോൺ എടുക്കാറില്ല. പാർട്ടി നേതാക്കളെ പ്രധാനപരിപാടികളിൽ പോലും അറിയിക്കാറില്ല. നഗരത്തിൽ നടക്കുന്ന പരിപാടികളിൽ നഗരസഭ ചെയർമാനെ പോലും അവഗണിക്കുന്നു എന്നിങ്ങനെയായിരുന്നു മാധ്യമവാർത്തകൾ.