കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടുമായി മുസ്ലിം ലീഗ്
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് എന്ന് മുസ്ലിംലീഗ്.കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരാജയത്തിന് ഉത്തരവാദികളാണെന്ന് ലീഗ് കണ്ണൂര്‍, അഴീക്കോട് മണ്ഡലം അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.സ്ഥാനാര്‍ഥികളെ കുറ്റപ്പെടുത്താതെ യുഡിഎഫ് സംവിധാനത്തെ മൊത്തത്തിലും കോണ്‍ഗ്രസ്, ലീഗ് സംസ്ഥാന– ജില്ലാ നേതൃത്വങ്ങളെ രൂക്ഷമായും വിമര്‍ശിക്കുന്നതാണ് റിപ്പോര്‍ട്ട്.
അഴീക്കോട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് സംസ്ഥാന നേതൃത്വം കാണിച്ച പിടിപ്പുകേടും തോല്‍വിക്ക് കാരണമായി. കെ എം ഷാജി മൂന്നിടത്ത് സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കി. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയുടെ സ്ഥാനാര്‍ഥി മോഹവും വിനയായി. ബൂത്തുതല പ്രവര്‍ത്തനം നിര്‍ജീവമായപ്പോള്‍ യുഡിഎഫ് നേതൃത്വത്തിന് ഇടപെടാനായില്ല.തെരഞ്ഞെടുപ്പ് ഫണ്ട് കൃത്യമായി നല്‍കാത്തതും പ്രചാരണത്തെ പിന്നോട്ടടിപ്പിച്ചു. കോണ്‍ഗ്രസിന് സ്വാധീനമുള്ള പള്ളിക്കുന്ന്, പുഴാതി മേഖലകളില്‍ വന്‍ വോട്ടുചോര്‍ച്ചയുണ്ടായി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍നിന്ന് കുത്തനെ കുറഞ്ഞു. പള്ളിക്കുന്നിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് സുധാകരന് ഇടപെട്ടിട്ടും തടയാനായില്ല. പള്ളിക്കുന്ന് ബാങ്ക് പ്രശ്നവും തിരിച്ചടിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണൂരിലെ തോല്‍വിക്ക് കെ സുധാകരനും കോര്പറേഷന് മേയര്‍ ടി ഒ മോഹനനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയും ഉത്തരവാദികളാണെന്ന് കണ്ണൂര്‍ മണ്ഡലം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
റിജില്‍ മാക്കുറ്റി യുഡിഎഫ് സ്ഥാനാര്‍ഥി സതീശന് പാച്ചേനിയുടെ പരാജയം ഉറപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്.സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്ന റിജില്‍ മാക്കുറ്റിയുടെ വിമത പ്രവര്‍ത്തനം കോണ്‍ഗ്രസ് സ്വാധീന മേഖലകളിലെ പോളിങ്ങിനെ ബാധിച്ചു. മേയര്‍ ടി ഒ മോഹനന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങിയതേയില്ല.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് കെ സുധാകരന് ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ്–ലീഗ് പോരിന്റെ ആഴം വരച്ചുകാട്ടുന്നതാണ് റിപ്പോര്‍ട്ട്.രൂക്ഷ പരാമര്‍ശങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയതെങ്കിലും നേതൃത്വം ഇടപെട്ടതിനാല്‍ മയപ്പെടുത്തിയാണ് കമ്മിറ്റിയില്‍ അവതരിപ്പിച്ചതത്രെ.